അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയും വോളിബോൾ ടീം അംഗവുമായ സുജിത്ത് ഇനി ഇന്ത്യൻ ആർമിയുടെ കുപ്പായമണിയും.
ഓഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന സ്പോർട്സ് താരങ്ങൾക്കായുള്ള സെലക്ഷൻ ക്യാമ്പിലേയ്ക്ക് ക്ഷണിക്കപ്പെട്ട സുജിത്തിനെ ഉയർന്ന ഉദ്യോഗം നൽകി സൈന്യത്തിൽ നിയമിക്കുകയായിരുന്നു.
12-ാം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു. അട്ടപ്പാടി സ്വദേശിയായ മുൻ വോളിബോൾ താരം ഷാജുവാണ് ഉയരവും ശരീരഘടനയും കണ്ട് സുജിത്തിന്റെ കായിക സാധ്യതകൾ തിരിച്ചറിഞ്ഞത്.
ചില സുമനസുകളുടെ സഹായത്തോടെയാണ് ഷാജു കളിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത സുജിത്തിനെ വോളിബോളിന്റെ ലോകത്തേക്ക് എത്തിക്കുന്നത്. തുടർന്ന്, അരുവിത്തുറ സെന്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ് സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.
ചുരുങ്ങിയ സമയം കൊണ്ട് എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് കഴിഞ്ഞ വർഷം അരുവിത്തുറ സെന്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞവർഷം ഫെഡറേഷൻ കപ്പിനായിയുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ അനിഷേധ്യ ഘടകമായി മാറാനും സുജിത്തിന് കഴിഞ്ഞിരുന്നു. പഠനം പൂർത്തിയാകും മുൻപേ ഇന്ത്യൻ സൈന്യത്തിൽ നിയമനം ലഭിച്ച സുജിത്തിനെ കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് മൊമന്റോ നൽകി ആദരിച്ചു.
സുജിത്തിന്റെ അഭിമാനാർഹമായ നേട്ടത്തിൽ കോളജ് മനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി, വോളിബോൾ കോച്ച് ജേക്കബ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.